മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും മുഖമുദ്ര യായ പ്രതിഭ -മഹാഗുരു പ്രൊഫ. എം.കെ സാനു മാഷിന് പ്രണാമം.
എഴുത്തുകാരനും ചിന്തകനും സാഹിത്യവിമർശകനും സാമൂഹ്യപ്രവർത്തകനുമായ സാനു മാഷ് മഹാരാജാസിനുവേണ്ടി എന്നും നിലകൊണ്ട ശബ്ദമായിരുന്നു.
1955ലാണ് സാനു മാഷ് മഹാരാജാസ് കോളേജിൽ അധ്യാപകനായി എത്തുന്നത്. ദീർഘകാലത്തെ അധ്യാപന ജീവിതത്തിന് ശേഷം സാമൂഹിക-സാംസ്കാരിക രംഗത്തെ ഒരിക്കലും അസ്തമിക്കാത്ത വെളിച്ചമായി അദ്ദേഹം മാറി.
അറിവിന്റെ ഊർജ്ജം എഴുത്തിലൂടെ പകർന്നു നൽകുന്നതിനോടൊപ്പം സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഊർജ്ജസ്വലനായ പോരാളിയായി നിലകൊണ്ടു മാഷ്.
ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പറ്റിയുള്ള നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം, കുമാരനാശാനെ കുറിച്ചുള്ള മൃത്യുഞ്ജയം കാവ്യജീവിതം എന്നിവ മാഷിന്റെ ഏറെ ശ്രദ്ധേയമായ സൃഷ്ടികളാണ്. ഇരുളും വെളിച്ചവും, രാജവീഥി, ചുവരിലെ ചിത്രങ്ങൾ, കാവ്യജീവിതം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.
എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം,വയലാർ രാമവർമ്മ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടി ശ്രദ്ധേയനായി.
വ്യക്തമായ കാഴ്ചപ്പാടുകൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും മഹാരാജാസിന്റെ സാംസ്കാരിക ഔന്നിത്യത്തിനുവേണ്ടി ഉയർന്ന വേറിട്ട ശബ്ദമായിരുന്നു മാഷിന്റെത്. മഹാരാജാസിന്റെ എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു സാനു മാഷ്. ശാരീരിക അവശതകൾക്കിടയിലും മഹാരാജാസിന്റെ നൂറ്റിയൻപതാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങി തന്റെ ശിഷ്യസമൂഹത്തെ ധന്യരാക്കി.
ജീവിതയാത്രയിൽ ഉടനീളം മഹാരാജാസിനോട് ചേർന്നുനിന്നു നമുക്ക് ഊർജ്ജം നൽകി.
 |
എഴുത്തിന്റെ തിരക്കുകൾക്കിടയിലും മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുഖമായി മാറിയ മഹാരാജാസിന്റെ സ്വന്തം സാനു മാഷിന്റെ അനുസ്മരണയോഗം ഓഗസ്റ്റ് 4 തിങ്കൾ 9 30ന് ഇംഗ്ലീഷ് മെയിൻ ഹാളിൽ നടന്നു.